ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആഭ്യന്തര, കയർ മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന ബജറ്റ് ആലപ്പുഴ ജില്ലയുടെ പുരോഗതി, വളർച്ച പ്രഖ്യാപനമാണ്. ആലപ്പുഴയെ കേരളത്തിന്റെ വ്യവസായ ഇടനാഴിയാക്കി മാറ്റും. തീർഥാടന ടൂറിസവും ബ്ലൂ ഇക്കോണമി രൂപരേഖയും ജില്ലയ്ക്ക് ഗുണകരമായ പദ്ധതികളാണ്.
ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് അനുവദിച്ചതിലൂടെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ, പന്തളം തുടങ്ങിയ സമീപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യസുരക്ഷ ഉറപ്പുനൽകാൻ സാധിക്കും.
കയർമേഖല ഉൾപ്പെടെ കേരളത്തിലെ പരമ്പരാഗത വ്യവസായം പ്രതിസന്ധിയിലാണ്. 157 കോടി രൂപയാണ് കയർ മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ചുമതലയേറ്റ ഉടൻതന്നെ കയർമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാരുടെ യോഗം വിളിച്ചു ചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തി. തൊഴിലാളികളുടെ കൂലി വർധന, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ പരാതികൾ, കയറ്റുമതി വർധിപ്പിക്കൽ, പുതിയ വിദേശ വിപണികൾ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
കയർമേഖലയിലെ പ്രശ്നങ്ങളും വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കയർ കയറ്റുമതിക്കാരുടെ പ്രത്യേക യോഗം ജൂലൈ നാലിന് ആലപ്പുഴയിൽ ചേരും. കയർമേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് യോഗം രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന പോലീസ് സേനയിലെ സമ്മർദം കുറയ്ക്കാനുള്ള ഇടപെടൽ നടത്തും. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാർട്ടി ഹൈകമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.